ഒട്ടേറെ ഗുണങ്ങളുള്ള ഒരു വ്യഞ്ജനമാണ് ഗ്രാമ്പു.വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്‌ടമാണിത്. പതിവായി ഗ്രാമ്പൂ ചായ കുടിക്കുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. സ്ഥിരമായി ഗ്രാമ്പൂ ചായ കുടിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കും
ഗ്രാമ്പൂവിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. അണുബാധകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും ഇത് ഗുണകരമാണ്.
ദഹനത്തെ പ്രോത്സാഹിപ്പിക്കും
ഗ്രാമ്പൂവിൽ സ്വാഭാവിക ദഹന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഗ്രാമ്പൂ സഹായിക്കും. വിവിധ തരത്തിലുള്ള ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനും ദഹനം സുഗമമാക്കാനും ഗ്രാമ്പൂ ചായ കുടിക്കുന്നത് ഫലപ്രദമാണെന്ന് 2020 ൽ ബിഎംസി കോംപ്ലിമെന്‍ററി മെഡിസിൻ ആൻഡ് തെറപ്പീസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
വീക്കം കുറയ്ക്കും
ഗ്രാമ്പൂവിലെ യൂജെനോൾ എന്ന സംയുക്തം വീക്കം കുറയ്ക്കാൻ വളരെയധികം സഹായിക്കും. ശരീരത്തിലെ വേദന കുറയ്ക്കാനും ഇത് ഗുണകരമാണ്. സന്ധിവാതം, പേശി വേദന പോലുള്ള അവസ്ഥകൾക്ക് ആശ്വാസം നൽകാനും ഗ്രാമ്പൂ ചായ ഫലം ചെയ്യും.
വായയുടെ ആരോഗ്യം മെച്ചപ്പെടുത്തും
ഗ്രാമ്പുവിൽ ആന്‍റി ബാക്‌ടീരിയൽ , ആന്‍റf ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പല്ലുവേദന കുറയ്ക്കാനും, മോണവേദന ശമിപ്പിക്കാനും, വായ്‌നാറ്റം തടയാനും പതിവായി ഗ്രാമ്പൂ ചായ കുടിക്കുന്നത് ഗുണം ചെയ്യും. വായിലെ ബാക്‌ടീരിയകളെ ചെറുക്കാനും ഇത് സഹായിക്കും.
രക്തത്തിലെ പഞ്ചസാര നിയന്ത്രണം
ഗ്രാമ്പുവിലെ യൂജെനോൾ, ഫ്ലേവനോയ്‌ഡുകൾ പോലുള്ള സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് 2015 ജേണൽ ഓഫ് ഡയബറ്റിസ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. ഇത് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ പ്രമേഹമുള്ളവരോ പ്രമേഹ സാധ്യതയുള്ളവരോ പതിവായി ഗ്രാമ്പൂ ചായ കുടിക്കുന്നത് നല്ലതാണ്.
കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തും
ഗ്രാമ്പുവിലെ ചില സംയുക്തങ്ങൾക്ക് കരളിലെ വിഷാംശം നീക്കം ചെയ്യാനും കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കരളിനെ സംരക്ഷിക്കാനും ഇത് സഹായിക്കും. ഇതിലൂടെ കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഗുണകരമാണ്.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കും
ഗ്രാമ്പൂ ചായ പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ രക്തചംക്രമണം നിലനിർത്താനും ഇത് മികച്ചതാണ്.
ഗ്രാമ്പൂ ചായ തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ച് വരുമ്പോൾ രണ്ടോ മൂന്നോ ഗ്രാമ്പൂ ചേർക്കുക. തീ കുറച്ച് 10 മുതൽ 15 മിനിറ്റ് തിളപ്പിക്കുക. ശേഷം ഒരു കപ്പിലേക്ക് ചായ അരിച്ചെടുക്കുക. രുചി വർധിപ്പിക്കാനായി ആവശ്യമെങ്കിൽ നാരങ്ങ നീരോ, തേനോ, ഇഞ്ചിയോ ചേർക്കാം.