കോഴിക്കോട്: കൊടുവള്ളിയില്‍ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബസിന് നേരെ പന്നിപ്പടക്കം ഉള്‍പ്പെടെ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിനെയും സംഘത്തെയും പൊലീസ് സാഹസികമായി പിടികൂടി.
അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയില്‍ അതുവഴി വന്ന കാറില്‍ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും, കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകര്‍ക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഷമീറിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
content highlight: attack-against-wedding-partys-bus