india

പാക്കിസ്ഥാന് മുന്നിൽ വാതിലുകൾ കൊട്ടിയടച്ച് ഇന്ത്യ ; ഡൽഹിയിൽ മാത്രമുള്ളത് 5000ത്തിലധികം പാക്ക് പൗരന്മാർ, തിരിച്ചയക്കൽ നടപടി ഇങ്ങനെ

 

പാക്കിസ്ഥാനെതിരെ നയതന്ത്ര നടപടിയുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്. ഇതിന്റെ മുന്നോടിയായി ഇന്ത്യയിലുള്ള പാക്ക് പൗരന്മാരുടെ കണക്കെടുത്തു.രാജ്യ തലസ്ഥാനത്ത് മാത്രം ഏകദേശം 5000 പാക് പൗരൻമാർ ഉണ്ടെന്നാണ് ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ട്. പാക് പൗരൻമാരുടെ പട്ടിക ഐബി ഡൽഹി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാൻ ഈ പട്ടിക സഹായകമാകും.

ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) ഡൽഹി പൊലീസിന്‍റെ പ്രത്യേക വിങ്ങുമായും പട്ടിക പങ്കിട്ടിട്ടുണ്ട്. പാകിസ്ഥാൻ പൗരൻമാരുടെ തിരിച്ചറിയൽ നടപടികൾക്കും കൂടുതൽ പരിശോധനക്കും വേണ്ടി ബന്ധപ്പെട്ട ജില്ലാ അധികൃതർക്കും ഈ പട്ടിക കൈമാറിയിട്ടുണ്ട്.

“പട്ടിക ബന്ധപ്പെട്ട ജില്ലയ്ക്ക് പരിശോധനയ്ക്കായി കൈമാറി, പാക് പൗരന്മാരോട് അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. മധ്യ, വടക്കുകിഴക്കൻ ജില്ലകളിൽ വിവിധ പ്രദേശത്ത് ധാരാളം പാകിസ്ഥാൻ പൗരന്മാരുണ്ട്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ വിഷയത്തിൽ ഒരു യോഗം വിളിച്ചിട്ടുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നിലവിൽ സ്ഥിതിഗതികൾ മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഡൽഹിയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും അവരോട് എത്രയും വേഗം ഇന്ത്യ വിടാൻ ആവശ്യപ്പെടാനും ഡൽഹി പൊലീസിന്‍റെ പ്രത്യേക ബ്രാഞ്ചിലെയും ഇന്‍റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ താമസിക്കുന്ന 3000, 2000 പാകിസ്ഥാൻ പൗരന്മാരുടെ രണ്ട് പട്ടികകൾ തങ്ങളുടെ പക്കലുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ചില പേരുകൾ ആവർത്തിച്ച് വരുന്നുണ്ട്. കൂടാതെ നിരവധി പാകിസ്ഥാൻ പൗരന്മാർ ഇതിനകം തന്നെ മടങ്ങിയതിനാൽ അവരുടെ താമസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയാണ്.

2025 ഏപ്രിൽ 27 മുതൽ പ്രാബല്യത്തിൽ വരുന്ന മെഡിക്കൽ, നയതന്ത്ര, ദീർഘകാല വിസകൾ ഒഴികെയുള്ള പാകിസ്ഥാൻ പൗരന്മാരുടെ വിസകൾ റദ്ദാക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച, ആഭ്യന്തര മന്ത്രാലയം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2025 ഏപ്രിൽ 29 ന് ശേഷം നിലവിലുള്ള മെഡിക്കൽ വിസകളും അസാധുവായിരിക്കും. പാകിസ്ഥാനിൽ നിന്നുള്ള ഹന്ദു പൗരന്മാർക്ക് ഇതിനകം അനുവദിച്ചിട്ടുള്ള എൽ‌ടി‌വികൾ സാധുവായി തുടരുമെന്ന് സർക്കാർ പിന്നീട് വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ വിനോദസഞ്ചാരികൾക്ക് നേരെ ഏപ്രിൽ 22ന് ഉണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് കേന്ദ്രം പാകിസ്ഥാൻ പൗരന്മാരുടെ വിസ റദ്ദാക്കുന്നതായി ഉത്തരവിട്ടിരുന്നു. പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയാണ് അന്ന് ആക്രമണം ഉണ്ടായത്. 26 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ നടപടികളാണ് എടുത്തത്.

Latest News