തമിഴ്‌നാട് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വച്ചു. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ പൊന്മുടിയുമാണ് രാജി വച്ചത്. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സെന്തില്‍ ബാലാജി രാജിവച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് കെ പൊന്മുടിയുടെ രാജി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സെന്തില്‍ ബാലാജി മന്ത്രിസഭാംഗമായത്.
സെന്തില്‍ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മന്ത്രിപദവി വേണോ ജാമ്യം വേണോ എന്നറിയിക്കാന്‍ കോടതി സെന്തില്‍ ബാലാജിയോട് ആവശ്യപ്പെട്ടിരുന്നു. ജാമ്യം കിട്ടി മൂന്നാംദിവസമാണ് സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ കയറിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു മന്ത്രിസഭാ പുനഃപ്രവേശം. ഇതോടെയായിരുന്നു ഇ ഡി ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള മോശം പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു കെ പൊന്മുടിക്കെതിരേ കേസെടുത്തത്.
പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. പിന്നാലെ മന്ത്രി തമിഴ്‌നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പൊന്മുടിയെ നീക്കം ചെയ്തിരുന്നു.ഇരുവരുടെയും രാജിക്ക് പിന്നാലെ രണ്ട് പേര്‍ പുതുതായി മന്ത്രിസഭയിലെത്തും. മനോ തങ്കരാജും രാജാകണ്ണപ്പനുമാണ് മന്ത്രിസഭയിലെത്തുന്നത്. നാളെ വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞ നടക്കുന്നത്. നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃ സംഘടനയാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.
STORY HIGHLIGHTS : Senthil Balaji and K Ponmudi resigned from Tamil Nadu Cabinet