India

വീട് വിട്ട് പോണമെന്ന് ഇസ്രയേൽ സൈന്യത്തിൻ്റെ മുന്നറിയിപ്പ്; ജീവനും കൈയ്യിൽ പിടിച്ച് ബെയ്റൂട്ട് നിവാസികൾ | israel-warns-southern-beirut-residents-to-evacuate-ahead-of-possible-strikes

ഈ മാസം ആദ്യം ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിൽ ഇതേ മേഖലയിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു

ലെബനൻ്റെ തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ തെക്കൻ മേഖലയിൽ കഴിയുന്നവരോട് ഉടൻ നാട് വിടാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. മേഖലയിൽ ഉടൻ ആക്രമണം നടത്തുന്നതിൻ്റെ ഭാഗമായാണ് താമസക്കാരോട് ഇവിടം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനിടയിൽ പുറപ്പെടുവിച്ച ആദ്യത്തെ ആക്രമണ മുന്നറിയിപ്പാണിത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നും ഇസ്രയേൽ വ്യക്തമാക്കുന്നു. ഇസ്രയേൽ സൈന്യത്തിൻ്റെ വക്താവ് അവിചെ ആദ്രൈ എക്സിലാണ് ദക്ഷിണ ബെയ്റൂട്ടിലെ ഹദാത്ത് നഗരത്തിൽ നിന്നും താമസക്കാരോട് നഗരത്തിന് പുറത്ത് കുറഞ്ഞത് 300 മീറ്റർ അകലേക്ക് മാറണമെന്ന് അറിയിച്ചിരിക്കുന്നത്.

ഈ മേഖലയിൽ വെടിയൊച്ച കേട്ടതായും വിവരമുണ്ട്. ആളുകൾ ജീവൻ രക്ഷിക്കാൻ പരക്കം പായുകയാണ്. മേഖലയിൽ ഗതാഗത കുരുക്കും ഇതേ തുടർന്ന് ഉണ്ടായി. ഈ മാസം ആദ്യം ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിൽ ഇതേ മേഖലയിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ബെയ്റൂട്ടിൻ്റെ തെക്കൻ മേഖല ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ്. ഇതിനാലാണ് ഇവിടം ലക്ഷ്യമാക്കി ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്നത്. മേഖലയിൽ ഹമാസ്, ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതർ തുടങ്ങി ഇറാൻ്റെ പിന്തുണയുള്ള എല്ലാ സായുധ സേനകൾക്കും നേരെ ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്.

STORY HIGHLIGHTS : Israel warns southern Beirut residents to evacuate ahead of possible strikes