ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും ഇന്ന് എക്‌സ്‌സൈസ് അന്വേഷകസംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കൊച്ചിയിലെ മോഡൽ ആയ സൗമ്യയെയും ഇന്നാണ് ചോദ്യം ചെയ്യുക. ഷൈനും ശ്രീനാഥുമായി ബന്ധമുണ്ടെന്നും ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്ലിമ വെളിപ്പെടുത്തിയിരുന്നു. നടന്മാരുമായുള്ള വാട്‌സാപ് ചാറ്റും കണ്ടെത്തി. ഭൂരിഭാഗം ചാറ്റുകളും നശിപ്പിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യംചെയ്യുന്നത്. മോഡൽ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്.
കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി.