ഡൽഹി: പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു.
ഇന്ത്യയ്ക്ക് നേരെ പ്രകോപനവും ഭീഷണിയും തുടർന്ന് പാകിസ്താൻ. 130 ആണവായുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്നും വെള്ളംകുടി മുട്ടിച്ചാൽ യുദ്ധമെന്നുമാണ് പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസിയുടെ ഭീഷണി. നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പിന് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകി. അതിർത്തി കടന്നെന്ന് ആരോപിച്ച് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയക്കാൻ പാക് സേന ഇതുവരെ തയ്യാറായില്ല
അതേസമയം പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്.
ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും. പാകിസ്ഥാൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഓരോ ഇന്ത്യാക്കാരുടെ ഉള്ളിലും പ്രതിഷേധം അലയടിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.