ശ്രീനഗര്‍: : ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ ഏജന്‍സികളും തമ്മില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ത്രാൽ, കൊക്കെർനാഗ് മേഖലകളിലാണ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. മേഖലകളിൽ സൈന്യം തിരച്ചിൽ നടത്തുകയാണ്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരര്‍ നിലവില്‍ ദക്ഷിണ കശ്മീരില്‍ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ അനുമാനം. നാല് ഭീകരര്‍ക്കുമായി വ്യാപകമായ തിരച്ചിലാണ് കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്നത്. സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഭീകരവാദികൾ എത്തിയത് വനമേഖലയിലൂടെ 35 കിലോമീറ്റർ സഞ്ചരിച്ചെന്നാണ് അന്വേഷ സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊക്കേർനാഗ് വനമേഖലയിലൂടെയാണ് ഭീകരർ എത്തിയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൂന്ന് വിദേശികളും ഒരു പ്രാദേശിക ഭീകരനും സംഘത്തിൽ ഉണ്ടായിരുന്നതാണ് സൂചന. ഭീകരരുമായി ബന്ധമുള്ള നിരവധിപേരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്.