Kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും എക്സൈസ് ഓഫീസിൽ ഹാജരായി. തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ആറ് മാസമായുള്ള പരിചയമാണെന്നും മോഡൽ സൗമ്യ മാധ്യങ്ങളോട് പറഞ്ഞു. തസ്ലീമ തന്റെ സുഹൃത്താണെന്നും അവർ പ്രതികരിച്ചു. കേസിൽ ഷൈൻ ടോം ചാക്കോയും എക്സൈസ് ഓഫീസിൽ ഹാജരായി. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ടോം ചാക്കോ എത്തിയത്. രാവിലെ വിമാനം മാർഗമാണ് കൊച്ചിയിൽ എത്തിയത്. ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് ഷൈൻ. ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്ന നിബന്ധനയാണ് ഷൈൻ മുന്നോട്ടുവെച്ചത്.

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.