Sports

കണ്ണൂരില്‍ ലഹരിക്കെതിരെ വോളിബോൾ മത്സരം; കളിക്കളത്തിൽ നിറഞ്ഞാടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി; രാഷ്ട്രീയക്കാരുടെ ടീമിന് ഉജ്വല വിജയം | Kannur volleyball

ടീമിന്റെ മാനേജരായി മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചറും അസി. കോച്ചായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരിയും ഒപ്പം ചേര്‍ന്നു

കണ്ണൂരിലെ രാഷ്ട്രീയക്കാരും വ്യവസായികളും തമ്മിലുള്ള വോളിബോൾ പോരാട്ടത്തിൽ രാഷ്ട്രീയക്കാർക്ക് ഉജ്വല വിജയം. മിന്നും സര്‍വുമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കളിക്കളത്തില്‍ നിറഞ്ഞാടി. മെയ് രണ്ടിന് തുടങ്ങുന്ന ആറാമത് തുളസി ഭാസ്‌കരന്‍ എവറോളിങ് ട്രോഫിക്കായുള്ള സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിയുടെ മുന്നോടിയായിട്ടാണ് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്. ഖദറിട്ട് വടിവൊത്ത മുണ്ടുമായി നടക്കുന്ന എംഎൽഎയും മന്ത്രിയുമൊക്കെ മുണ്ടു മടക്കി കുത്തി കളത്തിലിറങ്ങിയത് കാഴ്ച്ചക്കാരെ ആവേശ ഭരിതരാക്കി.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയക്കാരുടെ ടീമും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി കെ രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേംബര്‍ ടീമുമാണ് പ്രദര്‍ശന മത്സരത്തില്‍ കൊമ്പുകോര്‍ത്തത്. ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബൃഹദ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ മൈതാനത്ത് ബ്രേക്കിങ് – ഡിയെന്ന പേരില്‍ പ്രദര്‍ശന വോളി മത്സരം നടത്തിയത്.

മുന്‍മന്ത്രി ഇ പി ജയരാജന്‍. എം വിജിന്‍ എംഎല്‍എ , കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, യുവജനക്ഷേമ കമ്മിഷനംഗം വി കെ സനോജ്, രാഷ്ട്രീയ നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, സി പി ഷൈജന്‍, കെ രഞ്ജിത്ത്, ബിജു ഏളക്കുഴി, രഞ്ജിത്ത് നാറാത്ത്, മുന്‍ ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ കളത്തിലിറങ്ങി. ടീമിന്റെ മാനേജരായി മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചറും അസി. കോച്ചായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരിയും ഒപ്പം ചേര്‍ന്നു.

ചേംബറിന് വേണ്ടി ഓണററി സെക്രട്ടറി കെ അനില്‍കുമാര്‍, വിനോദ് നാരായണന്‍, സച്ചിന്‍ സൂര്യകാന്ത് മിശ്ര, ഹനീഫ് വാണിയങ്കണ്ടി, ഇര്‍ഷാദ് തുടങ്ങിയവര്‍ കളത്തിലിറങ്ങി. സര്‍വ്വീസില്‍ തുടര്‍ച്ചയായി 12 പോയന്റുകള്‍ നേടിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശന മത്സരത്തിലെ താരമായി. 16 നെതിരെ 25 പോയന്റുകള്‍ നേടിയായിരുന്നു രാഷ്ട്രീയക്കാരുടെ ടീമിന്റെ വിജയം. വിജയികളായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള ടീമിന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മെഡലുകള്‍ സമ്മാനിച്ചു.

content highlight: Kannur volleyball