ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലും കുപ്വാരയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ ബിഎസ്എഫ് തിരിച്ചടിച്ചു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് കുപ്വാരയിലും പൂഞ്ചിലും വെടിവെയ്പ്പുണ്ടായത്. പഹല്‍ഗാമില്‍ ഭീകരരെ പിടിക്കാനുളള ദൗത്യം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് പാകിസ്താന്‍ പ്രകോപനം തുടരുന്നത്.
സുരക്ഷാസേന പ്രദേശത്തെ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ പ്രശ്നങ്ങളില്‍ നിന്ന് വഴിതിരിക്കാനാണ് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ വെടിയുതിര്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.
അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്.
സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്.