അപ്പം ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകാറില്ലേ? വിഷമിക്കേണ്ട. ഇനി എളുപ്പത്തിൽ നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാം. ഇതുപോലെ ട്രൈ ചെയ്തോളൂ… .
ആവശ്യമായ ചേരുവകൾ
- പച്ചരി
- തേങ്ങ ചിരകിയത്
- ചോറ്
- ഈസ്റ്റ്
- വെളളം
- പഞ്ചസാര
- ഉപ്പ്
തയ്യാറാക്കുന്ന വിധം
അപ്പത്തിനായുളള മാവ് തയ്യാറാക്കുകയാണ് ആദ്യത്തെ ഘട്ടം. ഒന്നര കപ്പ് പച്ചരി നന്നായി വൃത്തിയാക്കിയതിനുശേഷം ആവശ്യമായ വെളളം ചേര്‍ത്ത് കുതിര്‍ക്കാന്‍ മാറ്റി വയ്ക്കുക. നാല് മണിക്കൂര്‍ സമയമെങ്കിലും അനുവദിക്കണം. ശേഷം മിക്‌സിയുടെ വലിയ ജാറിലേക്ക് കുതിര്‍ന്നിരിക്കുന്ന പച്ചരിയും നാല് ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയതും മൂന്ന് ടേബിള്‍ സ്പൂണ്‍ ചോറും, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ ഈസ്റ്റും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവിനെ വലിയൊരു പാത്രത്തിലേക്ക് മാറ്റുക. പാലപ്പമാണ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മാവില്‍ പാലൊഴിച്ച് കട്ടി കുറയ്ക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാനും മറക്കരുത്. മാവ് നന്നായി യോജിപ്പിച്ചതിനുശേഷം എട്ട് മണിക്കൂറോളം മാറ്റിവയ്ക്കുക. എട്ട് മണിക്കൂറിനുശേഷം മാവ് ഒരു തവണ കൂടി നന്നായി ഇളക്കണം. ശേഷം വീണ്ടും മാവിനെ ഒരു മണിക്കൂറോളം മാറ്റിവയ്ക്കുക. ഇങ്ങനെ ചെയ്തതിനുശേഷം അപ്പം തയ്യാറാക്കാം. മൃദുവായ അപ്പം തയ്യാറാക്കിയതിനുശേഷം ഇഷ്ടപ്പെട്ട കറിയോടൊപ്പം കഴിക്കാവുന്നതാണ്.