India

16 യൂട്യൂബ് ചാനലുകൾ നിരോധിച്ചു; പാകിസ്ഥാനെതിരെ നടപടി തുടർന്ന് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാകിസ്ഥാന്റെ 16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ അക്കൗണ്ടുകൾ വിലക്കി. പാകിസ്ഥാനിൽ നിന്നുള്ള സമ ടി വി, ബോൾ ന്യൂസ്, ഡോൺ ന്യൂസ്, ജിയോ ന്യൂസ് ഉൾപ്പെടെയുള്ള യുട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിൻ്റെ പേരിലാണ് നടപടി.

നിരോധിച്ച പ്ലാറ്റ്‌ഫോമുകളിൽ ജിയോ ന്യൂസ്, ഡോൺ, റാഫ്തർ, ബോൾ ന്യൂസ്, എആർവൈ ന്യൂസ്, സമ ടിവി, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും ഉൾപ്പെടുന്നു. കൂടാതെ, മുനീബ് ഫാറൂഖ്, ഉമർ ചീമ, അസ്മ ഷിറാസി, ഇർഷാദ് ഭട്ടി തുടങ്ങിയ പ്രശസ്ത പത്രപ്രവർത്തകരുടെ യൂട്യൂബ് ചാനലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഉസൈർ ക്രിക്കറ്റ്, ദി പാകിസ്ഥാൻ റഫറൻസ്, റാസി നാമ, സമ സ്പോർട്സ് എന്നിവയാണ് മറ്റ് നിരോധിത അക്കൗണ്ടുകൾ.

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. അക്തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്.

ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയിൽ റിപ്പോർട്ടിങ് പാടില്ലെന്നും ബിബിസിക്ക് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്.