Kerala

ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്; ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നു, ഫ്ലാറ്റിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തു

ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ SHO എ എൽ യേശുദാസ്. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.

വേടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. ഒമ്പത് ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ നിന്നും ലഭിച്ച പണമാണിതെന്നാണ് വേടൻ മൊഴി നൽകിയത്. വേടനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന 9 പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടൻ താമസിച്ചിരുന്ന ഫ്ലാറ്റ്. കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest News