ചേരുവകൾ
ബസ്മതി റൈസ് – 1 കപ്പ്
മഷ്‌റൂം – 250 ഗ്രാം
ഉള്ളി – 1.5 കപ്പ്
തക്കാളി -1 കപ്പ്
തൈര് – 2 ടീസ്പൂൺ
ഇഞ്ചി – 2 ഇഞ്ച് പീസ്
വെളുത്തുള്ളി – 6 എണ്ണം
പുതിനയില – 15 എണ്ണം
പച്ചമുളക്
ബിരിയാണി മസാല – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
നെയ്യ് – 3 ടേബിൾ സ്പൂൺ
എണ്ണ – 3 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ബിരിയാണി അരി വേവിക്കുമ്പോൾ ചേർക്കേണ്ട മസാലകൾ
ഗ്രാമ്പു – 4 എണ്ണം
ഏലയ്ക്ക – 3 എണ്ണം
കറുവപ്പട്ട – 3 ചെറിയ പീസ്
ജാതിപത്രി – 2 എണ്ണം
കറുവ ഇല – 2 എണ്ണം
തയാറാക്കുന്ന വിധം
ബസ്മതി റൈസ് 10 മിനിറ്റു കുതിർത്തു വച്ച ശേഷം ഉപ്പും മസാലകളും ചേർത്തു പകുതി വേവിച്ചു വാർത്തെടുക്കുക.
മഷ്‌റൂം കഴുകി നീളത്തിൽ കഷ്ണങ്ങളാക്കി ചൂടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വയ്ക്കുക.
വെളുത്തുള്ളിയും ഇഞ്ചിയും പുതിനയിലയും പച്ചമുളകും ചേർത്തു മിക്സിയിൽ വെള്ളം ഇല്ലാതെ ചതച്ചെടുക്കുക.
ബിരിയാണി ഉണ്ടാക്കുന്ന പാത്രത്തിൽ നെയ്യും എണ്ണയും ചേർത്തു ഉള്ളി നന്നായി ഗോൾഡൻ കളർ ആകുന്നതു വരെ വറക്കുക. വറുത്തെടുത്ത ഉള്ളിയിൽ നിന്നും കുറച്ചു മുകളിൽ വിതറുവാനായി മാറ്റി വയ്ക്കുക. ബാക്കിയുള്ള ഉള്ളിയിലേക്കു ചതച്ചെടുത്ത മസാല ചേർത്തു രണ്ടു മിനിറ്റു വഴറ്റുക. അതിലേക്കു തക്കാളി ഇട്ടു നന്നായി വഴറ്റി എടുക്കുക.
തക്കാളി നന്നായി വഴന്നു വന്നതിനു ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ബിരിയാണി മസാലയും തൈരും ഉപ്പും ചേർത്തു നന്നായി 2 മിനിറ്റു വഴറ്റുക. അതിലേക്കു മഷ്‌റൂം ചേർത്തു യോജിപ്പിച്ചു വേവിക്കുക. മഷ്‌റൂം പകുതി വേവാകുമ്പോൾ അതിനു മുകളിലേക്കു വേവിച്ചു വച്ച ബസ്മതി റൈസ് ഇട്ടു കൊടുക്കുക. ലേശം നെയ്യ് തൂകി കൊടുക്കുക. കൂടാതെ പുതിനയിലയും മല്ലിയിലയും മുകളിൽ ഇട്ടു കൊടുത്ത് അടച്ചു വച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക. വാങ്ങുന്നതിനു മുൻപായി വറുത്തു വച്ച ഉള്ളി കൂടി മുകളിൽ വിതറുക. നല്ല രുചിയിൽ മഷ്‌റൂം ബിരിയാണി തയാർ.