Kerala

വേടന് പുലിപ്പല്ല് ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നെന്ന് കണ്ടെത്തൽ; ആരാധകനെ ചോദ്യം ചെയ്യും | Rapper Vedan got Tigers tooth from Tamil Nadu

നേരത്തെ പുലിപ്പല്ല് തായ്‌ലാന്റില്‍ നിന്ന് എത്തിച്ചതെന്നായിരുന്നു വേടന്റെ പ്രതികരണം

റാപ്പര്‍ വേടന് പുലിപ്പല്ല് ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നെന്ന് കണ്ടെത്തൽ. തമിഴ്‌നാട്ടിലെ ആരാധകനാണ് പുലിപ്പല്ല് കൈമാറിയതെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍. തൃശ്ശൂരില്‍ എത്തിച്ചാണ് പുലിപ്പല്ല് സ്വര്‍ണമാലയില്‍ കെട്ടിച്ചത്. തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം. നേരത്തെ പുലിപ്പല്ല് തായ്‌ലാന്റില്‍ നിന്ന് എത്തിച്ചതെന്നായിരുന്നു വേടന്റെ പ്രതികരണം. നിലവില്‍ കഞ്ചാവ് കേസിന് പുറമേ വനംവകുപ്പ് വേടനെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റില്‍ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്.

വേടനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതിന് പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി മാധ്യമങ്ങളോട് സമ്മതിച്ചു. മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നായിരുന്നു വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവേ വേടന്റെ പ്രതികരണം. ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.

STORY HIGHLIGHTS :    Rapper Vedan got Tigers tooth from Tamil Nadu

Latest News