ഇന്ത്യാ – പാക് യുദ്ധം ഉടനെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി. യുദ്ധം ആസന്നമായതിനാലാണ് സേനാവിന്യാസമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസീഫ് പറഞ്ഞു. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ ചില തന്ത്രപരമായ തീരുമാനങ്ങള്‍ എടുത്തതായും പ്രതിരോധ മന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന നിലയിലേക്ക് വന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാന്‍ സൈന്യം സര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച കശ്മീരില്‍ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനെതിരെയുള്ള നയതന്ത്ര ബന്ധങ്ങള്‍ ഇന്ത്യ കടുപ്പിച്ചിരുന്നു. കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതിന്റെ തെളിവുകളും ഇന്ത്യ പുറത്തുവിട്ടിരുന്നു. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കഴ്ച നടത്തി.
രാവിലെ 11 നടന്ന കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. സുരക്ഷാസേന നാലുതവണ പഹല്‍ഗാം ഭീകരരുടെ സമീപമെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിരോധമന്ത്രിയെ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഇന്നലെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതേസമയം ബിഎസ്എഫ് മേധാവി ദല്‍ജിത്ത് സിങ് ചൗധരി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെത്തി സെക്രട്ടറി ഗോവിന്ദ് മോഹനെ കണ്ടിരുന്നു. പാകിസ്ഥാനെതിരെ എന്തു നടപടിക്കും സൈന്യം സുസജ്ജമാണെന്ന് സേനാ മേധാവികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
STORY HIGHLIGHTS : pakistan-defence-minister-says-military-incursion-by-india-is-imminent