മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണ 12 ദിവസംകൂടി എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി നീട്ടി. 12 ദിവസത്തേക്ക് ഡൽഹി കോടതിയാണ് റാണയുടെ കസ്റ്റഡി നീട്ടിയത്. 18 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് എൻ‌ഐ‌എയുടെ അപേക്ഷ പ്രകാരം പ്രത്യേക എൻ‌ഐ‌എ ജഡ്ജി ചന്ദർ ജിത് ആണ് സിംഗ് റാണയുടെ കസ്റ്റഡി നീട്ടിയത്.

എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അഭിഭാഷകനെ കാണാൻ റാണയെ കോടതി അനുവദിച്ചു. എൻഐഎക്കുവേണ്ടി മുതി‍ർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണനും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മന്നും റാണയ്ക്കുവേണ്ടി ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയിലെ പിയുഷ് സച്ദേവയും ഹാജരായി. ഈമാസം 10ന് ആണ് യുഎസിൽനിന്നു റാണയെ ഇന്ത്യയിലെത്തിച്ചത്.

യുഎപിഎ പ്രകാരം ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം, വ്യാജരേഖ ചമയ്‌ക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ്‌ റാണക്കെതിരെ ചുമത്തിയത്‌.