India

പഹൽഗാം ഭീകരാക്രമണം: സിപ്പ് ലൈനിൽ ചിരിച്ചുകൊണ്ട് പകർത്തിയ യാത്ര, ദൃശ്യങ്ങളിൽ പഹൽഗാമിൽ വെടിയേറ്റ് വീഴുന്ന സഞ്ചാരികൾ

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങൾ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വീഡിയോയിൽ ആളുകൾ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരര്‍ വെടിയുതിര്‍ക്കുമ്പോൾ ഇതൊന്നുമറിയാതെ പകര്‍ത്തിയ വിഡിയോയാണ് വാര്‍ത്തകളിൽ നിറയുന്നത്. ഭീകരാക്രമണം നടക്കുമ്പോൾ സിപ്പ് ലൈനിൽ യാത്രയിലായിരുന്നു ഋഷി ഭട്ട്. 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ കണ്ടെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് ഭീകരർ എത്തിയത്.

അന്വേഷണസംഘം ദൃക്സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്. ഭീകരവാദികൾ എത്തിയത് സിപ് ലൈനിലൂടെ എന്ന വിവരം നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം മേഖലയിലും ജമ്മു കാശ്മീർ അതിർത്തിയിലും ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സൈന്യം.