Kerala

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസ്; മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു; വിശദമായി ചോദ്യം ചെയ്യും

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. പൊലീസിന്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീലാ ജയിലിൽ കഴിഞ്ഞത്.

സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തല്‍. എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ കേസിൽ പ്രതി ചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടാകുന്നതും കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്നതും.