World

പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയും തകർച്ചയിലേക്കോ? കൂപ്പ്കുത്തി പാക്കിസ്ഥാൻ രൂപ

ഇന്ത്യയുടെ ജലയുദ്ധവും നയതന്ത്ര നടപടികളുമൊക്കെ പാക്കിസ്ഥാനെ വലച്ചിരിക്കുകയാണ്. ആണവ ഭീഷണിയൊക്ക മുഴക്കുന്നുണ്ടെങ്കിലും രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ തന്നെ രൂക്ഷമാകുകയാണ്. യുദ്ധഭീഷണി ഇരു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെങ്കിലും സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുന്ന പാകിസ്താന് കാര്യങ്ങള്‍ കുറേക്കൂടി ദുഷ്‌കരമാകും.
യുദ്ധഭീഷണികള്‍ ഏറ്റവുമധികം ബാധിച്ചത് ഇരു രാജ്യങ്ങളുടെയും കറന്‍സികളെയാണ്. എന്നാല്‍ ഇന്ത്യന്‍ രൂപ ഇടിയുമ്പോള്‍, പാകിസ്താന്‍ രൂപ കൂപ്പുകുത്തുകയാണ്. കാരണം വാക്‌പ്പോരിന് മുമ്പ് തന്നെ മോശം സമ്പദ്‌വ്യവസ്ഥ കാരണം പാകിസ്താന്‍ രൂപയുടെ നില പരിതാപകരമായിരുന്നു. കൂന്നിന്‍മേല്‍ കുരുവെന്ന പോലെയാണ് നിലവിലെ സാഹചര്യം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്താന്‍ രൂപ ഏഷ്യയിലെ നിരവധി ചെറു രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യത്തേക്കാള്‍ താഴെയെത്തി.

എന്തിന് ഏറെ പറയുന്നു, നിലവില്‍ പാകിസ്താന്‍ രൂപയുടെ മൂല്യം അഫ്ഗാനിസ്ഥാന്റെ കറന്‍സിയേക്കാള്‍ പിന്നിലാണ്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ഇറാഖ്, ചൈന എന്നിവയുള്‍പ്പെടെ നിരവധി ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികളേക്കാള്‍ പാകിസ്ഥാന്‍ രൂപ ദുര്‍ബലമായി എന്നതാണ് സത്യം. ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്താന്റെ കാര്യം കൂടുതല്‍ വഷളാകുന്നു. നിലവിലെ സാഹചര്യത്തില്‍ ആഗോള ഏജന്‍സികളില്‍ നിന്ന് ഫണ്ട് കണ്ടെത്താന്‍ പോലും പാകിസ്താന് സാധിച്ചേക്കില്ല.

 

നിലവില്‍ യുഎസ് ഡോളറിനെതിരേ പാകിസ്താന്‍ രൂപയുടെ വിനിമയ നിരക്ക് 306.33 ആണ്. അതായത് 307 പാകിസ്താന്‍ രൂപയോളം വേണം ഒരു യുഎസ് ഡോളര്‍ വാ്ങ്ങാന്‍. പെഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും കാര്യമായ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ സമ്പദ്വ്യവസ്ഥ പാപ്പരത്തത്തിലേക്ക് അടുക്കുകയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിൽ പാകിസ്താന്റെ ഒരു രൂപ 30 ഇന്ത്യൻ പൈസയ്ക്ക് തുല്യമാണ്.

ഈ ആഴ്ച ആദ്യം കശ്മീരില്‍ നടന്ന തീവ്രവാദ ആക്രമണം ഇന്ത്യയേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. പാകിസ്ഥാനുമായുള്ള യുദ്ധ സമാന സാഹചര്യം ആശങ്ക വര്‍ധിപ്പിക്കുന്നു. നിക്ഷേപകര്‍, പ്രത്യേകിച്ച് വിദേശ നിക്ഷേപകര്‍ ആശങ്കയിലാണ്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ സെഷനുകളില്‍ എല്ലാം ഇന്ത്യന്‍ രൂപ ദുര്‍ബലമായി. നിലവില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 85.26 ആണ്. പാകിസ്താന്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു മികച്ചതാണ്.