മധുരം കഴിക്കാൻ തോന്നുമ്പോൾ ഒരു കിടിലൻ സേമിയ പായസം തയ്യാറാക്കിയാലോ? എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു സേമിയ പായസ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- നെയ്യ് – 2 ടേബിൾ സ്പൂൺ
- കശുവണ്ടി – 8 എണ്ണം
- ഉണക്ക മുന്തിരി – 2 ടേബിൾ സ്പൂൺ
- സേമിയ – 1 കപ്പ്
- പാൽ – 1. 1/2 ലിറ്റർ
- വെള്ളം – 1/2 ഗ്ലാസ്
- പഞ്ചസാര – 14 ടേബിൾ സ്പൂൺ
- ഏലക്ക പൊടി – 3/4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കശുവണ്ടി ഇട്ട് കൊടുത്ത് വറുത്തു കോരുക. ശേഷം ഇതേ എണ്ണയിലേക്ക് ഉണക്ക മുന്തിരി കൂടിയിട്ട് കൊടുത്തു ഉണക്കമുന്തിരിയും വറുത്തു കോരുക. കൂടെത്തന്നെ ഉണക്കമുന്തിരിയും കശുവണ്ടിയും പൊരിച്ച കുറച്ച് നെയ്യും കോരി മാറ്റി വെക്കുക. ശേഷം ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി സേമിയ ഇട്ടു കൊടുത്ത് സേമിയയുടെ നിറം മാറുന്നത് വരെ വറുത്തെടുക്കുക. അധികം ഗോൾഡൻ ബ്രൗൺ നിറം ഒന്നും ആകേണ്ട. ചെറിയൊരു റെഡ് കളർ ആകുമ്പോഴേക്കും നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് പാൽ ഒഴിച്ചു കൊടുത്ത ശേഷം കുറച്ചു വെള്ളവും ഒഴിച്ചു കൊടുത്ത് നന്നായി തിളപ്പിക്കുക. പാലു തിളപ്പിക്കുമ്പോൾ കൈ വിടാതെ തന്നെ ഇളക്കി കൊടുക്കുക. ഇല്ലെങ്കിൽ പാട തട്ടും. പാല് നന്നായി തിളച്ച ശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന സേമിയ കൂടി ചേർത്തു കൊടുത്ത് പിന്നീട് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. സേമിയ നന്നായി വെന്തു കഴിയുമ്പോൾ നമുക്ക് ഏലക്ക പൊടിച്ചതും വറുത്തു വച്ചിരിക്കുന്ന കശുവണ്ടിയും മുന്തിരിയും കൂടി ചേർത്തു കൊടുത്ത് പിന്നീട് ഇളക്കി കൊടുക്കാവുന്നതാണ്.