World

പുതിയ മാര്‍പാപ്പയെ ഉടന്‍ അറിയാം; പേപ്പൽ കോൺക്ലേവ് മെയ് 7ന്

പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും. തിങ്കളാഴ്ച്ച ചേർന്ന കർദിനാൾമാരുടെ യോ​ഗത്തിലാണ് തീരുമാനമായത്. 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് പങ്കെടുക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സിസ്റ്റിൻ ചാപ്പലിലാണ് കോൺക്ലേവ് നടക്കുകയെന്നാണ് വിവരം. പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നത് വരെ കോൺക്ലേവ് തുടരും.

വോട്ടവകാശമുള്ള 80 വയസ്സിന് താഴെയുള്ള 135 കര്‍ദിനാള്‍മാർ യോഗത്തിൽ പങ്കെടുക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ആന്റണി പൂല, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് പേപ്പല്‍ കോണ്‍ക്ലേവിൽ വോട്ടവകാശമുള്ളത്.

സിസ്റ്റൈൻ ചാപ്പൽ നിലവിൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. കോൺക്ലേവ് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നേരത്തെ 2005ലും 2013ലും രണ്ട് ദിവസമായാണ് കോൺക്ലേവ് ചേർന്നത്.