വിവാഹസദ്യയ്ക്ക് പനീര്‍ കിട്ടാത്തതില്‍ ആളുകള്‍ക്കിടയിലേക്ക് മിനിബസ് ഓടിച്ചുകയറ്റിയും സാധനങ്ങള്‍ നശിപ്പിച്ചും യുവാവിന്റെ പരാക്രമം. കൂടാതെ സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീദ്പുരില്‍ ശനിയാഴ്ച നടന്ന വിവാഹത്തിനിടെയായിരുന്നു സംഭവം നടന്നത്.
രാജ്‌നാഥ് യാദവ് എന്ന വ്യക്തിയുടെ മകളുടെ വിവാഹത്തിനിടെയാണ് സംഭവമുണ്ടായത്. ശനിയാഴ്ച വൈകിട്ട് വിവാഹഘോഷയാത്ര വിവാഹപ്പന്തലിലെത്തിച്ചേരുന്നതുവരെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. തുടർന്ന് ഭക്ഷണം നല്‍കുന്നിടത്തേക്ക് കടന്നുവന്ന ധര്‍മേന്ദ്ര യാദവ് എന്ന യുവാവിന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുളളവരുടെ പാത്രത്തില്‍ പനീര്‍ കണ്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. പനീറിന്റെ കാര്യം ചോദിച്ച് ധര്‍മേന്ദ്ര യാദവ് ബഹളമുണ്ടാക്കാന്‍ തുടങ്ങി.
തുടർന്ന് ദേഷ്യത്തില്‍ പുറത്തിറങ്ങിപ്പോയ ഇയാള്‍ വിവാഹത്തിനെത്തിയ അതിഥികള്‍ക്കിടയിലേക്ക് ബസ്സോടിച്ച് കയറ്റുകയായിരുന്നു. അപകടത്തിൽ വരന്റെ അച്ഛനും വധുവിന്റെ അമ്മാവനും ഉള്‍പ്പെടെ പരിക്കേറ്റു. പരിക്കേറ്റവര്‍ വാരാണസിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ വധുവിന്റെ കുടുംബം ധര്‍മേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി.