രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡാഫോണ്‍ ഐഡിയ (വി) 5ജിയുടെ സേവനം കൂടുതല്‍ നഗരങ്ങളിൽ ലഭ്യമാകും. ചണ്ഡീഗഡിലും പാറ്റ്‌നയിലുമാണ് പുതുതായി വി 5ജി എത്തിയത്. ദില്ലി, ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് അടുത്ത മാസം വോഡാഫോണ്‍ ഐഡിയയുടെ 5ജി നെറ്റ്‌വര്‍ക്ക് എത്തുന്നതായിരിക്കും. 2025 മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് ആദ്യം വോഡാഫോണ്‍ ഐഡിയ 5ജി എത്തിയത് മുംബൈ മഹാനഗരത്തിലാണ്. ഇതിന് ശേഷമാണ് ചണ്ഡീഗഡ്, പാറ്റ്‌ന എന്നീ നഗരങ്ങളിലേക്ക് വി കമ്പനി 5ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ചത്. സാംസങിന്‍റെ സഹകരണത്തോടെയാണ് ഈ നഗരങ്ങളില്‍ വി 5ജി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കിയത്. വോഡാഫോണ്‍ ഐഡിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വഴിയാണ് നെറ്റ്‌വര്‍ക്ക് ഒപ്റ്റിമൈസേഷന്‍ നടത്തുന്നത്. എഐ അധിഷ്ഠിതമായ സെല്‍ഫ്-ഓര്‍ഗനൈസിംഗ് നെറ്റ്‌വര്‍ക്ക് (SON) സിസ്റ്റമാണിത്. അടുത്ത മാസത്തോടെ കൂടുതല്‍ നഗരങ്ങളില്‍ 5ജി സേവനം എത്തിക്കുമെന്ന് വി അറിയിച്ചു.