Vaccinations: Why the Elderly Need It
പ്രായം കൂടുന്നതനുസരിച്ച് രോഗപ്രതിരോധ ശക്‌തിയും കുറഞ്ഞുവരും. പിടിപെടാന്‍ സാധ്യതയുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ലഭ്യമാണ്. അറിയാം മുതിര്‍ന്നു കഴിഞ്ഞാല്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച്
ഗുരുതരമായതും വാക്‌സിന്‍ കൊണ്ടു തടുക്കാനാകുന്നതും താരതമ്യേന സാധാരണവുമായ രോഗങ്ങള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ സാധ്യമാകുന്നത്. അതേസമയംതന്നെ വാക്‌സിന്‍ സ്വീകാര്യമായിരിക്കുകയും സുരക്ഷിതമായിരിക്കുകയും വേണം. ഈ മാനദണ്ഡ പ്രകാരം മുതിർന്നവർ സാധാരണ എടുക്കാറുള്ള വാക്‌സിനുകള്‍ ഇന്‍ഫ്‌ലുവന്‍സ, ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം), ചിക്കന്‍പോക്‌സ്, ഷിംഗിൾസ്, ബാക്ടീരിയൽ ന്യുമോണിയ എന്നിവയ്‌ക്കെതിരെയുള്ളതാണ്.
ഇന്‍ഫ്‌ളുവന്‍സ
ഇന്‍ഫ്‌ളുവന്‍സ ഒരു വൈറല്‍ രോഗമാണ്. പനിയും ചുമയും പിടിപെട്ട് മരിച്ചു പോയി എന്നൊക്കെ സാധാരണ കേള്‍ക്കാറുള്ളതാണ്, അതിൽ നല്ലൊരു പങ്കും ഈ രോഗം മൂലമാകുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ ഉപകാരപ്പെടും. ഇന്‍ഫ്‌ളുവന്‍സ പിടിപെട്ടുള്ള മരണത്തിന് പ്രായമൊന്നും ബാധകമല്ല. ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എല്ലാ വര്‍ഷവും ലോകാരോഗ്യ സംഘടന പുതുക്കാറുണ്ട്. കാരണം രോഗം ഉണ്ടാക്കുന്നത് ഒരു വൈറസല്ല, മറിച്ച് അനേകം തരത്തിലുള്ള വൈറസുകളാണ്. ഒരോ വര്‍ഷവും രോഗകാരണമാകുന്ന വൈറസ് വ്യത്യസ്‌തമായിരിക്കും. ഓരോ വര്‍ഷവും പ്രാബല്യത്തിലുള്ള ഏതൊക്കെ വൈറസുകളാണെന്ന് ഭൂമിയുടെ പല ഭാഗത്തുനിന്നും കണക്കുകൂട്ടിയ ശേഷമാണ് ഈ വാക്‌സിന്‍ നിര്‍മിക്കുന്നത്. എന്നുവച്ച് മുന്‍ വര്‍ഷം എടുത്ത വാക്‌സിന്‍ ഈ വര്‍ഷം ഫലപ്രദമാകില്ല എന്നല്ല, മറിച്ച് ഈ വര്‍ഷം ഇന്‍ഫ്‌ളുവന്‍സയ്ക്ക് കാരണമാകുന്ന വൈറസ് വ്യത്യാസമായിരിക്കുമെന്നതിനാല്‍ വാക്‌സിനിലും വ്യത്യാസം വരും. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും സാധാരണയായി ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസ് എ
ശുദ്ധജലം ഏതൊരു മനുഷ്യൻ്റെയും അവകാശമാണ്. “തിളപ്പിച്ചാറിയ വെള്ളമേ ഉപയോഗിക്കാവൂ” എന്ന് ഒരു വികസിത രാജ്യത്ത് ഒരിക്കലും പറയേണ്ടി വരികയില്ല, കാരണം അവിടങ്ങളിൽ കുടിവെള്ള സുരക്ഷ നൂറു ശതമാനമാണ്. പക്ഷേ നമുക്ക് ഇവിടെ ലഭിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധി ഉറപ്പുവരുത്താന്‍ സാധിക്കാത്തതുകൊണ്ടുതന്നെ ജലജന്യരോഗങ്ങളെ പ്രതിരോധിക്കാന്‍ പലപ്പോഴും വെള്ളം തിളപ്പിച്ചു കുടിക്കുകയേ നിര്‍വാഹമുള്ളു. കേരളത്തിൽ ഓരോ വർഷവും കൂടുതൽ ആളുകളിൽ മലിനജലം മൂലം ഉണ്ടാകുന്ന ഈ രോഗം കണ്ടു വരുന്നു. ഹെപ്പറ്റൈറ്റിസ് എ പോലുള്ള മഞ്ഞപ്പിത്ത രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ വാക്‌സിന്‍ എടുക്കേണ്ടത് ഇവിടെ അനിവാര്യമായിക്കൊണ്ടിരിക്കുന്നു. ഇതിൻ്റെ ചെലവ് കൂടുതലായതുകൊണ്ടുതന്നെ യൂണിവേഴ്‌സല്‍ വാക്‌സിന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ കുട്ടിക്കാലത്ത് ഈ വാക്‌സിന്‍ എടുക്കാനുള്ള സാധ്യതയും കുറവാണ്. മുതിര്‍ന്നവര്‍ ഈ വാക്‌സിന്‍ എടുക്കുന്നത് ഗുണകരമാണ്. അതേസമയം രോഗം വന്നുപോയവരും കുട്ടിക്കാലത്ത് വാക്‌സിന്‍ എടുത്തവരും പിന്നീട് എടുക്കേണ്ടതില്ല. കുഞ്ഞുങ്ങളിലുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ഗുരുതരമാകാറില്ല. എന്നാല്‍ മധ്യവയസിനുശേഷമാണ് രോഗം പിടിപെടുന്നതെങ്കില്‍ കുട്ടിക്കാലത്തെ അപേക്ഷിച്ച് മരണസാധ്യത കൂടുതലാണ്.
ചിക്കന്‍പോക്‌സ് വാക്‌സിന്‍
ചിക്കന്‍പോക്‌സ് സാധാരണ ഗുരുതരമാകുന്നത് ഗര്‍ഭിണികളിലാണ്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ചിലപ്പോള്‍ പ്രശ്‌നങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ചിക്കന്‍പോക്‌സ് വന്നിട്ടില്ലാത്തവര്‍ വിവാഹപ്രായം ആകുന്നതിനു മുന്‍പ് വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. രോഗം പിടിപെട്ടവരിലാകട്ടെ ഈ വൈറസ് ശരീരത്തില്‍തന്നെ ശേഷിക്കും. ശരീരത്തില്‍നിന്ന് വിട്ടുപോകുന്ന ഒന്നല്ല ചിക്കന്‍പോക്‌സ് വൈറസ്. നട്ടെല്ലിന് രണ്ട് വശത്തുമുള്ള ന്യൂറല്‍ ഗാംഗ്ലിയയ്ക്കകത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്ത അവസഥയിലാകും വൈറസ് ഉണ്ടാകുക. പ്രതിരോധ വ്യവസ്ഥ ശക്തമായി ഈ വൈറസിനെ അടക്കി വച്ചിരിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥയില്‍ വൈറസ് നിശ്ശബ്ദമായി ശരീരത്തിനുള്ളിലിരിക്കുന്നത്. എന്നാല്‍ 50 വയസൊക്കെ പിന്നിടുന്നതോടെ പ്രതിരോധ വ്യവസ്ഥയുടെ ശക്തി കുറയും. ഈ സമയത്ത് വൈറസ് ഉണര്‍ന്നുവന്ന് ഗാംഗ്ലിയയുമായി ബന്ധത്തിലുള്ള നാഡികള്‍ വഴി ചര്‍മത്തിലേക്ക് എത്തുകയും കഴുത്തിന് വശങ്ങളിലും സ്‌തനങ്ങളുടെ അടിഭാഗത്തും നെഞ്ചിലും മുഖത്തും തുടങ്ങിയുള്ള ഭാഗങ്ങളില്‍ പൊള്ളിയ പാടുകള്‍ പോലെയുള്ള ചർമരോഗം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇവ കഠിനമായ വേദന ഉണ്ടാക്കുകയും ആഴ്‌ചകള്‍ കൊണ്ട് ഭേദപ്പെട്ടാല്‍ പോലും ഈ നാഡീപ്രദേശത്ത് വേദന നിലനില്‍ക്കുകയും ചെയ്യും. ഇത് തടയാന്‍ 50 വയസ് കഴിഞ്ഞവര്‍ക്ക് ഷിങ്കിള്‍സ് വാക്‌സിന്‍ എടുക്കാവുന്നതാണ്.
ബാക്ടീരിയൽ ന്യുമോണിയ
മുതിര്‍ന്നവരെ കൂടുതലായും ബാധിക്കുകയും മരണകാരണമാകുകയും ചെയ്യുന്ന ഒന്നാണ് ന്യുമോണിയ. ബാക്ടീരിയല്‍ ന്യുമോണിയയുടെ പ്രധാന കാരണമായ ന്യൂമോകോക്കസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ ഉണ്ട്.
മേല്‍പ്പറഞ്ഞവ എല്ലാംതന്നെ നമ്മുടെ ജീവന്‍ രക്ഷിക്കാനുള്ള വാക്‌സിനുകളാണ്. എന്നാല്‍ കാൻസർ രോഗം പ്രതിരോധിക്കാനുള്ള ഒന്നാണ് എച്ച്പിവി വാക്‌സിന്‍. ഗര്‍ഭാശയമുഖ കാന്‍സര്‍(സെര്‍വിക്കന്‍ കാന്‍സര്‍) പ്രതിരോധത്തിന് ലിംഗഭേദമന്യേ എല്ലാവരും ഈ വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) കാരണമാണ് ഗര്‍ഭാശയമുഖ കാന്‍സര്‍ ഉണ്ടാകുന്നത്. വൈറസ് ഉള്ളവരുമായി ലൈംഗികബന്ധംവഴിയാണ് പെണ്‍കുട്ടികളില്‍ ഈ അണുബാധ പിടിപെടുന്നത്. അതിൽ ചിലരിൽ പിന്നീട് അര്‍ബുദമായിത്തീരുന്നു. എച്ച്പിവി ശരീരത്തില്‍ എത്തിപ്പെടുന്ന എല്ലാവര്‍ക്കും അര്‍ബുദം ആകണമെന്നില്ല. വാക്‌സിൻ എടുത്താൽ വൈറസ് പിടിപെടുകയില്ല. അങ്ങനെ ഈ സര്‍ക്യൂട്ടില്‍ സജീവമായി സഞ്ചരിക്കാനാവാതെ വൈറസിനെ തളച്ചിടുക എന്നതാണ് വാക്‌സിന്‍കൊണ്ട് ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കാണ് അർബുദരോഗം പിടിപെടുന്നതെങ്കിലും വൈറസ് രോഗവാഹകരാകാൻ ഇടയുള്ളതിനാൽ ആണ്‍കുട്ടികള്‍ക്കും വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. അതിനാൽ ടീനേജിലുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വാക്‌സിന്‍ എടുക്കുന്നത് പിൽക്കാലത്ത് ഗുണം ചെയ്യും.