Health

കോളറയെ പ്രതിരോധിക്കാം; ആരോ​ഗ്യവകുപ്പിന്റെ ജാ​ഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ

വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. യറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. ഇതു സംബന്ധിച്ച് ആരാഗ്യ വകുപ്പു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് അഭ്യര്‍ഥിച്ചു.

തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ മരണമടഞ്ഞ വ്യക്തി ചികിത്സ തേടിയ ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അവര്‍ക്കെല്ലാവര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കോളറയെന്ന ജലജന്യ രോഗം തടയുന്നതിന് ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാം

പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക
ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി സൂക്ഷിക്കുക
ശരിയായി പാകം ചെയ്യാത്ത കടല്‍ മത്സ്യങ്ങള്‍ ഒഴിവാക്കുക; പ്രത്യേകിച്ച് കക്കയിറച്ചി.
കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പിട്ട് നന്നായി കഴുകുക. കൈകളുടെ ശുചിത്വം കോവിഡ് നിയന്ത്രണത്തിലെന്ന പോലെ കോളറ
നിയന്ത്രണത്തിലും പ്രധാനമാണ്.
പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുന്‍പ് നന്നായി കഴുകി വൃത്തിയാക്കുക. കഴിവതും പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുക
ശുചിമുറികള്‍ ഇടയ്ക്കിടെ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക.