തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി അലുമ്‌നി അസോസിയേഷനുമായി ചേർന്ന് പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന് കാഴ്ച സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. യു എസ് ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പൊൺസിബിലിറ്റി ഉദ്യമങ്ങളുടെ ഭാഗമായാണ് കാഴ്ച സഹായ ഉപകരണങ്ങൾ നൽകിയത്.
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി അലുമ്‌നി അസോസിയേഷൻ (ആർ.ഐ.ഒ.എ.എ) നടപ്പിലാക്കുന്ന പദ്ധതിയാണ് പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്റർ. യു. എസ്. ടി വെൽഫെയർ ഫൗണ്ടേഷന്റെ ഭാഗം കൂടിയാണിത്. ‘അംഗപരിമിതരുടെ ഉന്നമനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉപകരണങ്ങൾ കൈമാറിയത്. യു എസ് ടിയുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോന്റെ നേതൃത്വത്തിലാണ് കമ്പനി ഉദ്യോഗസ്ഥർ ഉപകരണങ്ങൾ നൽകിയത്.
സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ.അരുൺ എസ് നായർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദൻ, മനഃശാസ്ത്രജ്ഞയും എൻലൈറ്റ് സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലെപ്‌മെന്റിന്റെ ഡയറക്ടറുമായ ഡോ. വാണി ദേവി. പി. ടി, തിരുവനന്തപുരം ആർ.ഐ.ഒയിലെ പ്രൊഫസ്സർ ഡോ. ചിത്ര രാഘവൻ, ആർ.ഐ.ഒ സൂപ്രണ്ടും മുൻ ആർ.ഐ.ഒ.എ.എ സെക്രട്ടറിയുമായ ഡോ. സുനിൽ. എം. എസ്, ആർ.ഐ.ഒ ഡയറക്ടർ ഡോ. ഷീബ. സി. എസ്, ആർ.ഐ.ഒ സെക്രട്ടറി ഡോ. അഹല്യ സുന്ദരം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. യു എസ് ടി യിൽ നിന്നും സി എസ് ആർ ലീഡ് വിനീത് മോഹനൻ, സി എസ് ആർ അംബാസഡർ സോഫി ജാനറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
നാല് ടെലിസ്കോപ്പ് മൊണോകുലർ ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾ, ഒരു യു എസ് നിർമ്മിത ഓക്യൂട്ടെക്ക് വി.ഇ.എസ് സ്പോർട്-II, 5-ഇഞ്ച് എച്ച്ഡി പോർട്ടബിൾ വീഡിയോ മാഗ്നിഫയറുകളുടെ എട്ട് യൂണിറ്റുകൾ, മൂന്ന് എച്ച്പി 14/15 ഇൻറൽ 12-ആം തലമുറ ഐ5-1235യു 8ജിബി 512ജിബി എസ് എസ് ലാപ്‌ടോപുകൾ തുടങ്ങിയവയാണ് സംഭാവന ചെയ്ത ഉപകരണങ്ങളിൽ ഉൾപ്പെട്ടത്. ആധുനിക രീതിയിലുള്ള ഓപ്റ്റിക്കൽ, ഡിജിറ്റൽ മാഗ്നിഫിക്കേഷൻ ഉപകരണങ്ങൾ നൽകുക വഴി കാഴ്‌ചപരിമിതരായ രോഗികളുടെ ജീവിതനിലവാരം ഉയർത്തുക, എല്ലാ മേഖലകളിലും അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത്.
“അംഗപരിമിതരെ സഹായിക്കുന്നതിനായി പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന് കാഴ്ച സഹായ ഉപകരണങ്ങൾ സംഭാവന ചെയ്യാൻ സാധിച്ചതിലും ഈ ദൗത്യത്തിൽ പ്രശസ്തമായ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്താൽമോളജിയുമായി കൈകോർക്കാനായതിലും വളരെയധികം സന്തോഷമുണ്ട്,” യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശിൽപ മേനോൻ അഭിപ്രായപ്പെട്ടു.