Kerala

ഭക്ഷണശാലകള്‍ ജാഗ്രതൈ !!: ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ മേയ് 2 മുതല്‍ തുടങ്ങും?; തട്ടുകട മുതല്‍ ചെക്ക് പോസ്റ്റുകള്‍ വരെ വിപുലമായ പരിശോധനകള്‍; പിഴവ് കണ്ടാല്‍ നിയമ പ്രകാരവും നടപടി

സംസ്ഥാനത്ത് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി മേയ് 2 മുതല്‍ ഒരു മാസക്കാലം മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ നടപടികള്‍ക്കായി മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തുന്നത്.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ സുരക്ഷിത ഭക്ഷണം നല്‍കേണ്ടതാണ്. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഫ്എസ്എസ് ആക്ട് പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പും പൊതുജനാരോഗ്യ നിയമ പ്രകാരം ആരോഗ്യ വകുപ്പും നടപടികള്‍ സ്വീകരിക്കുന്നതാണ്. ചൂട് കാലമായതിനാല്‍ ഭക്ഷണം പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. പാഴ്സലുകളില്‍ കൃത്യമായി തീയതിയും സമയവും രേഖപ്പെടുത്തണം. ജിവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.

ഭക്ഷ്യ സ്ഥാപനങ്ങള്‍, മത്സ്യ മാംസ ശാലകള്‍, മാര്‍ക്കറ്റുകള്‍, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളുള്‍പ്പെടെ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തും. വയോജന കേന്ദ്രങ്ങള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ഹോമുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകര്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കേണ്ടതാണ്. രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തും.

ഐസ്‌ക്രീം നിര്‍മ്മാണ വിപണന കേന്ദ്രങ്ങള്‍, കുപ്പിവെള്ള നിര്‍മ്മാണ വിതരണ വിപണന കേന്ദ്രങ്ങള്‍, ശീതളപാനീയ നിര്‍മ്മാണ വിതരണ വിപണന കേന്ദ്രങ്ങള്‍, ടൂറിസ്റ്റ് മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും. ശീതള പാനീയങ്ങള്‍ വിപണനം നടത്തുന്ന കടയുടമകള്‍ പാനീയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഹോട്ടലുകളിലെ കുടിവെള്ളം, ചട്നിയിലും മോരിലും ചേര്‍ക്കുന്ന വെള്ളം എന്നിവയും ശുദ്ധമുള്ളതായിരിക്കണം. കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലേല്‍ക്കുന്ന

രീതിയില്‍ കടകളില്‍ സൂക്ഷിക്കുകയോ അടച്ചുറപ്പില്ലാത്ത തുറന്ന വാഹനങ്ങളില്‍ കൊണ്ട് പോകുകയോ ചെയ്യരുത്. ഉത്സവങ്ങള്‍, മേളകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വിപണനം നടത്തുന്ന ശീതള പാനീയങ്ങള്‍, കുപ്പിവെള്ളം, ഐസ് കാന്‍ഡി, ഐസ്‌ക്രീം എന്നിവ സുരക്ഷിതമായി തന്നെ വില്‍പന നടത്തണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ അതത് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് ടീമും പരിശോധനകളില്‍ പങ്കാളികളാകും. മൊബൈല്‍ പരിശോധനാ ലാബുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

CONTENT HIGH LIGHTS; Restaurants beware!!: Food safety inspections will start from May 2?; Extensive inspections from stalls to check posts; Legal action will be taken if any errors are found