സ്വീവേജ് ലൈൻ സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 2018 ൽ ജല അതോറിറ്റിക്ക് കൈമാറിയ അരശുംമൂട്-കുഴിവിള റോഡിലെ എല്ലാ പ്രവൃത്തികളും നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജല അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും 2 മാസം വീതമാണ് നൽകിയിരിക്കുന്നത്.
പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. എന്നാൽ റിപ്പോർട്ട് ശരിയല്ലെന്ന് പരാതിക്കാരൻ അറിയിച്ചതോടെ ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്താൻകമ്മീഷൻ ആവശ്യപ്പെട്ടു. ചില മാൻഹോളുകൾ റോഡ് നിരപ്പിലേക്ക് ഉയർത്തുന്നത് ഒഴികെയുള്ള ജോലികൾ പൂർത്തിയാക്കിയതായി ജല അതോറിറ്റി കമ്മീഷനെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പും സമാനമായ രീതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്.
റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം പൊതുമരാമത്ത് വകുപ്പ് നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. യുഹാസ് ഇസ്മയിൽ, എൽ. വി. ദിപിൻ എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പൊതുമരാമത്ത് വകുപ്പ് (കഴക്കൂട്ടം) റോഡ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് ഉത്തരവ് നൽകിയത്.
CONTENT HIGH LIGHTS;Arashummoodu-Kuzhivila road should be made traffic-friendly within four months: Human Rights Commission