ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ സുഹൃത്തും പിടിയിലായിരുന്നു. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇതിനിടെ ഉണ്ണിമുകുന്ദൻ സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാർക്കോ എന്ന തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് നടന്റെ പ്രതികരണം. കയ്യിൽ സിഗരറ്റുമായി നടക്കുന്ന മാർക്കോ ആകാൻ എളുപ്പമാണെന്നും സിക്സ് പാക്കുള്ള മാർക്കോ ആകാനാണ് ശ്രമിക്കേണ്ടതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
‘ഒരു സിഗരറ്റിൻ്റെ ഭാരം സാധാരണയായി 0.7 മുതൽ 1.0 ഗ്രാം വരെയാണ്. മൊത്തം ഭാരം (ഫിൽട്ടറും പേപ്പറും ഉൾപ്പെടെ) സാധാരണയായി ശരാശരി 1 ഗ്രാം. മനുഷ്യൻ മതിയെന്ന് നിങ്ങൾക്ക് തോന്നുവെങ്കിൽ നിങ്ങളുടെ ഓപ്ഷനുകൾ പുനഃപരിശോധിക്കുക. സുഹൃത്തുക്കളേ, ചോയ്സ് നിങ്ങളുടേതാണ്. സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. സിക്സ് പാക്ക് ഉള്ള മാർക്കോ ആകാൻ ശ്രമിക്കുക’, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ.
ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ കമന്‍റുമായി ആരാധകരും രംഗത്ത് എത്തി. ‘അങ്ങനെ പറഞ്ഞുകൊട് പാപ്പാ, ലഹരി ഉപയോഗിക്കാത്ത മലയാളം യുവ നടന്മാരുടെ ലിസ്റ്റിലേക്ക് ആദ്യം വെക്കുന്ന പേരിൽ ഒന്നു ഉണ്ണി മുകുന്ദന്‍റെ ആയിരിക്കും’ എന്നിങ്ങനെയാണ് കമന്‍റുകള്‍.
ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിഖില വിമല്‍ ആയിരുന്നു നായിക. ജോണി ആന്‍റണി, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ, കെപിഎസി ലീല തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍.
CONTENT Highlight: Unni Mukundan against ciggerate