Kerala

ഇനി തൃശൂരിന്‌ പൂരാവേശം; തൃശൂർ പൂരം കൊടിയേറ്റം ഇന്ന് | Thrissur Pooram flag hoisting ceremony today

തൃശൂർ: മുഖ്യപങ്കാളികളായ പാറമേക്കാവ്–തിരുവമ്പാടി ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും തൃശൂർ പൂരത്തിന് ഇന്നു കൊടിയേറ്റ്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നു 11.30നും മധ്യേയാണു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്നതാണു ചടങ്ങ്. പകൽ മൂന്നിന്‌ ക്ഷേത്രത്തിൽ നിന്നുള്ള പൂരപ്പുറപ്പാടിന്‌ തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30ന്‌ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയരും.

സാമ്പിൾ വെടിക്കെട്ടും ചമയ പ്രദർശനവും മെയ്‌ നാലിന്‌ നടക്കും. പൂരവിളംബരമായി അഞ്ചിന്‌ രാവിലെ ഒമ്പതിന്‌ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറക്കും. ആറിനാണ്‌ പൂരങ്ങളുടെ പൂരം. ഏഴിന്‌ ഉപചാരം ചൊല്ലി പിരിയും.

പാറമേക്കാവിൽ വലിയപാണിക്കുശേഷം പുറത്തേക്ക്‌ എഴുന്നള്ളിപ്പ്‌. തുടർന്ന്‌ ദേശക്കാർ കൊടി ഉയർത്തും. പരമ്പരാഗത അവകാശി ചെമ്പിൽ കുട്ടനാശാരിയാണ് കൊടിമരമൊരുക്കുക. ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്‌ഠനാലിലും പൂരക്കൊടി ഉയർത്തും. അഞ്ച് ആനകളും മേളവുമായി പുറത്തേക്ക് എഴുന്നള്ളിപ്പിന്‌ പാറമേക്കാവ്‌ കാശിനാഥൻ തിടമ്പേറ്റും. കിഴക്കൂട്ട്‌ അനിയൻ മാരാർ പ്രാമാണികനായുള്ള മേളം അകമ്പടിയാവും. വെടിക്കെട്ടും നടക്കും. കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും ബുധനാഴ്‌ച കൊടിയേറും. മേയ് 6നാണ് തൃശൂർ പൂരം.