Kerala

റാപ്പർ വേടനെ തൃശൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുക്കും

കൊച്ചി: പുലിപ്പല്ല് കൈവശം വച്ചതിന് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്‍റെ മൊഴി. വേടൻ ധരിച്ച മാലയിലെ പുലിപ്പല്ല് രൂപ മാറ്റം വരുത്തിയ നിലയിലായിരുന്നു. ഇത് രൂപമാറ്റം വരുത്തിയത് തൃശൂരിലെ ജുവലറിയിൽ കൊണ്ടുപോയാണെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. ഇതിൻ്റെയടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

വേടൻ ചെന്നൈയിൽ ഒരു ഗാനമേളയ്ക്ക് എത്തിയപ്പോൾ ശ്രീലങ്കൻ വംശജനായ രഞ്ജിത്ത് എന്ന വ്യക്തിയാണ് പുലിപ്പല്ല് മാലയായി സമ്മാനിച്ചതെന്നാണ് നൽകിയിരിക്കുന്ന മൊഴി. ഇത് പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വേടൻ പറയുന്നു. എന്നാൽ, അറിഞ്ഞോ അറിയാതെയോ പുലിപ്പല്ല് കൈവശം വയ്ക്കുന്നത് നിയമപ്രകാരം കുറ്റകൃത്യമാണ്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനംവകുപ്പ് ശ്രമം തുടരുകയാണ്. വേടനും സംഘത്തിനും കഞ്ചാവ് നല്‍കിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ജ്വല്ലറിയിലെ തെളിവെടുപ്പിന് ശേഷം പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും.