ഡൽഹി: പഹൽഗാം ഭീകരാക്രമത്തിന് പിന്നാലെ പാകിസ്താന് ശക്തമായ മറുപടി നൽകാനൊരുങ്ങി ഇന്ത്യ. പഹൽഗാം ഭീകാരക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ വിഭാഗങ്ങള്‍ക്ക് തീരുമാനിക്കാം. സേനാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകളിലും മികവിലും പൂര്‍ണ്ണതൃപ്തനെന്നും വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അതിർത്തിയിൽ പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരുമായുള്ള യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നൽകിയത്. തിരിച്ചടി ദേശീയ ദൃഢനിശ്ചയമാണെന്ന് നരേന്ദ്ര മോദി സേനാ മേധാവിമാരോട് പറഞ്ഞു. അത് എപ്പോള്‍ എവിടെ എങ്ങനെ വേണമെന്ന് സൈന്യത്തിന് തീരുമാനിക്കാം. സൈന്യത്തിന്റെ മികവില്‍ പൂര്‍ണ്ണ തൃപ്തിയും മോദി അറിയിച്ചു. സേന ഇനി സംയുക്തമായി ആലോചിച്ച ശേഷമാകും തിരിച്ചടി. സേന മേധാവിമാരുടെ യോഗത്തിന് ശേഷം അഭ്യന്തമന്ത്രി അമിത് ഷായുമായും മോദിയുമായി ചർച്ച നടത്തി.