ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ സമിതി നിർണായകയോഗം ഇന്ന്. സുരക്ഷാ കാര്യങ്ങൾ യോഗം വിലയിരുത്തും. ഈ യോഗത്തിലും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.
പഹൽഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണ്. ശേഷം ധനകാര്യ സാമ്പത്തിക കാര്യാ മന്ത്രിസഭായോഗങ്ങളും ചേരും. പാകിസ്താന് എതിരായ അടുത്ത നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ ഇന്ന് വിശദീകരിച്ചേക്കും.
ഭീകരാക്രമണത്തിൽ എൻഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ പങ്കെടുത്തവർ ഒന്നര വർഷം മുൻപ് ജമ്മുകശ്മീരിൽ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും NIA രേഖപ്പെടുത്തി. നയതന്ത്ര തിരിച്ചടിക്ക് പുറമേ പാകിസ്താൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനും, ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമാണ് ആലോചിക്കുന്നത്. അതേസമയം ജമ്മുകശ്മീരിലെ വിനോദസഞ്ചാര മേഖലകളിൽ പൂർണ്ണമായും അടച്ചിടാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്.