മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി യുവാവ്. വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം കുടുംബത്തിന് കൈമാറി. സഹോദരൻ ജബ്ബാർ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്.
കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരൻ ജബ്ബാർ പറഞ്ഞു. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കണമെന്നും ജബ്ബാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംഭവത്തില്‍ ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. യുവാവ് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍.