India

ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്നുവീണ് എട്ട് മരണം

ബെം​ഗളൂരു: ആന്ധ്രയിൽ ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേര്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാത്രി ആണ് സംഭവം. ക്ഷേത്രത്തിൽ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിന് അടുത്ത് ഉള്ള മതിൽ ഇടിഞ്ഞു വീണാണ് അപകടമണ്ടായത്. മരിച്ചവരിൽ 4 സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു.

മതിൽ തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ചൊവ്വാഴ്‌ച അർധരാത്രിക്ക് ശേഷം സിംഹാചലത്തിൽ കനത്ത മഴ പെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് മതില്‍ ഇടിഞ്ഞു വീണത്. എൻ‌ഡി‌ആർ‌എഫ് ജീവനക്കാരും ഉദ്യോഗസ്ഥരും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

മരിച്ച 8 പേരുടെ മൃതദേഹങ്ങൾ വിശാഖപട്ടണം കെജിഎച്ചിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഭ്യന്തര മന്ത്രി അനിത, വിശാഖപട്ടണം ജില്ലാ കലക്‌ടര്‍ ഹരേന്ദ്രിര പ്രസാദ്, സി പി ശംഖബ്രത ബാഗ്‌ച എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.