Business

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ഏതൊക്കെ കോച്ചുകളില്‍ കയറാം; നിർബന്ധമായും അറിഞ്ഞിരിക്കുക | Waiting list

മെയ് 1 മുതല്‍, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നത് നിരോധിക്കും

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ നയവുമായി റെയിൽവേ. പുതിയ മാനദണ്ഡം അനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ സ്ലീപ്പര്‍ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നാണ് ലഭിക്കുന്ന വിവരം.

അവരെ ജനറല്‍ ക്ലാസില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. നിലവില്‍ കൗണ്ടറുകളില്‍ നിന്ന് വാങ്ങുന്ന വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാം. കണ്‍ഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി മെയ് ഒന്നുമുതലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരിക.

ഐആര്‍സിടിസി വഴി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ യാത്രയ്ക്ക് മുന്‍പ് കണ്‍ഫേം ആയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്നതാണ് പതിവ്. ഇത്തരത്തില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമ്പോള്‍ ടിക്കറ്റ് വില ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്യും. എന്നാല്‍ കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന ഓഫ്‌ലൈന്‍ വെയിറ്റിങ്് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാര്‍ ഇപ്പോഴും സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നുണ്ട്. ഇത് കണ്‍ഫേം ടിക്കറ്റുകളുള്ളവര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്നതിന് തടസ്സമാകുന്നു എന്ന് വിലയിരുത്തിയാണ് പുതിയ പരിഷ്‌കാരം.

മെയ് 1 മുതല്‍, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നത് നിരോധിക്കും. വെയിറ്റിങ്് ലിസ്റ്റ് ടിക്കറ്റുള്ള ഒരു യാത്രക്കാരന്‍ ഈ കോച്ചുകളില്‍ സീറ്റില്‍ ഇരിക്കുന്നതായി കണ്ടെത്തിയാല്‍ വ്യക്തിക്ക് പിഴ ചുമത്താനോ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് യാത്രയ്ക്കിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത് എന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ ശശി കിരണ്‍ പറഞ്ഞു.

പലപ്പോഴും, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാര്‍ സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറി കണ്‍ഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളില്‍ ബലമായി ഇരിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. കോച്ചുകളില്‍ വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കോച്ചില്‍ വഴി തടസ്സപ്പെടുന്നതിനും യാത്രാബുദ്ധിമുട്ടുകള്‍ നേരിടുന്നതിനും കാരണമാകുന്നുണ്ട്.

content highlight: Waiting list