തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുത്തേക്കില്ല. വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്ന് കോൺഗ്രസിൽ പൊതുവികാരം ഉണ്ട്. അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നു കൊടുക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി. വിഡി സതീശൻ ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്നകാര്യത്തിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പ്രതിപക്ഷ വിമർശനങ്ങൾക്കൊടുവിൽ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കുകയായിരുന്നു. സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് കമ്മീഷനിംഗ് എന്നും ആഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ട് ക്ഷണിച്ചില്ലെന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ ആദ്യ വിശീദകരണം. വിവാദമായതിന് പിന്നാലെ തിങ്കളാഴ്ചയിലെ തീയതി വെച്ച് ഇന്നലെ ഉച്ചയോടെ പ്രതിപക്ഷനേതാവിന്‍റെ വീട്ടിൽ കത്ത് എത്തിക്കുകയായിരുന്നു.