തൃശൂർ: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനുമായി തൃശൂരിലെ ജ്വല്ലറിയില്‍ വനംവകുപ്പിന്റെ തെളിവെടുപ്പ്. പുലിപ്പല്ല് വെള്ളിയില്‍ പൊതിഞ്ഞ് നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ എത്തിച്ചു. യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞില്ലെന്ന് ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. ഇന്നത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമായി തൃശൂർ തിരൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെയെത്തി ലോക്കറ്റ് തയാറാക്കിയതെന്ന് ഇന്നലെ കടയുടമ പ്രതികരിച്ചിരുന്നു. ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും കടയുടമ വിശദീകരിച്ചു. മറ്റൊരാള്‍ മുഖേനയാണ് പുലിപ്പല്ലെത്തിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ജ്വല്ലറി ഉടമയോടും പൊലീസ് വിവരങ്ങള്‍ തേടി. ലോക്കറ്റ് ഇവിടെയാണോ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്നും അതേയെന്ന് ഉത്തരം നല്‍കിയെന്നും ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. വേടനെ അറിയാമോ എന്നും വനംവകുപ്പ് ചോദിച്ചു. യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നല്‍കിയതെന്നും പറഞ്ഞിട്ടുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കി. നിലവില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വേടനെ വീട്ടിലെത്തിച്ചും തെളിവെടുത്തു.