അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരം ലഭിച്ചെന്ന് പാകിസ്ഥാൻ. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഇന്ത്യൻ സായുധ സേനയ്ക്ക് “പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം” നൽകിയതിന് തൊട്ടുപിന്നാലെയാണ്പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ ആശങ്ക അറിയിച്ചത്.
ഭീകരാക്രമണത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാട് തുടരുകയാണ് പാകിസ്ഥാൻ. “പാകിസ്ഥാന്‍റെ പങ്കിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സർക്കാർ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്, ഇന്ത്യ സൈനിക നടപടി സ്വീകരിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും” പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.
പാകിസ്ഥാൻ തന്നെ പലപ്പോഴും തീവ്രവാദത്തിന്‍റെ ഇരയായിട്ടുണ്ട്. അതിനെ എപ്പോഴും അപലപിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഭീകരാക്രമണത്തില്‍ നിഷ്‌പക്ഷമായ സ്വതന്ത്രമായ അന്വേഷണം പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ ഏതൊരു സൈനിക നടപടിക്കും മറുപടി നല്‍കുമെന്നും പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരവാദികളാണെന്ന് എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ കമോൻഡയില്‍ പ്രവര്‍ത്തിച്ച ഹാഷിം മൂസയുടെ പങ്കാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ അംഗവും പാകിസ്ഥാൻ ആർമിയുടെ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോയുമാണ് ഹാഷിം മൂസ.
ഹാഷിം മൂസയ്‌ക്ക് പുറമെ അലി ഭായ് എന്ന ഭീകരനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് സൂചന. ഇവര്‍ കശ്‌മീരില്‍ മുമ്പും ഭീകരാക്രമണം നടത്തി എന്നാണ് സംശയം. സോനാമാര്‍ഗിലെ ടണല്‍ ആക്രമണത്തിന് പിന്നിലും ഹാഷിം മൂസയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 2023 സെപ്റ്റംബറില്‍ മൂസ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് നിഗമനം.
ശ്രീനഗറിനോട് ചേര്‍ന്ന ബുധ്ഗാം ജില്ല കേന്ദ്രീകരിച്ചാണ് ഹാഷിം മൂസ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡച്ചിഗാം വനമേഖലയായിരുന്നു പ്രധാന താവളം. ഡച്ചിഗാം വനത്തിലൂടെ ത്രാലിലേക്കും അവിടെ നിന്ന് പഹല്‍ഗാമിലേക്കും എത്താനാകും. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് കശ്‌മീരിലെ വിവിധ ജില്ലകളിലേക്ക് പാക് ഭീകരരെ എത്തിക്കാന്‍ സഹായിച്ച ചില സ്ലീപ്പിങ്ങ് സെല്ലുകളുമായി മൂസ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അന്വേഷണസംഘത്തിന് കണ്ടെത്തിയിട്ടുണ്ട്.
ഇതിനുപിന്നാലെയാണ് തിരിച്ചടിക്കാൻ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. “പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സേനകള്‍ക്ക് തീരുമാനിക്കാം. സേനകളുടെ ക്ഷമതയില്‍ പൂര്‍ണ വിശ്വാസം ഉണ്ട്” എന്ന് നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.