India

‘ഒരു ദൗത്യവും അകലെയല്ല’, യുദ്ധസജ്ജമായ കപ്പലുകളുടെ ചിത്രവുമായി നാവികസേന

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന്‌ പിന്നാലെ യുദ്ധ കപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന. ‘ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല’ എന്ന കുറിപ്പോടെയാണ് യുദ്ധകപ്പലുകളെ സജ്ജമാക്കിയിട്ടുള്ള ചിത്രങ്ങള്‍ നാവികസേന എക്‌സില്‍ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആയുധക്കരുത്ത് കാട്ടി നാവികസേന അറബിക്കടലില്‍ അഭ്യാസ പ്രകടനവും നടത്തിയിരുന്നു. പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണമടക്കം നടത്തിയായിരുന്നു നാവികസേനയുടെ തയ്യാറെടുപ്പുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രത്യാക്രമണ നടപടികള്‍ക്കായി സേനകള്‍ക്ക് പൂര്‍ണ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാമേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് എന്നിവര്‍ പങ്കെടുത്തിരുന്നു.