India

പാക്കിസ്ഥാൻ സൈബർ ആക്രമണത്തിന്??ഇന്ത്യൻ ആര്‍മിയുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാൻ ശ്രമം

ഇന്ത്യയുടെ പ്രതികാര നടപടി എന്തായിരിക്കും എന്ന ഭയത്തിലാണ് പാക്കിസ്ഥാൻ. ഏത് നിമിഷവും ആക്രമം പ്രതീക്ഷിച്ചിരിക്കുന്ന പാക്കിസ്ഥാൻ ഇപ്പോൾ സൈബർ ആക്രമണത്തിന് ഒരുങ്ങുകയാണ്.ഇന്ത്യന്‍ ആര്‍മിയുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തിയിരിക്കുകയാണ് സൈന്യത്തിന്‍റെ സൈബര്‍ സുരക്ഷാ വിഭാഗം. ‘എഒകെ’ ഹാക്കര്‍ (ഇന്‍റര്‍നെറ്റ് ഓഫ് ഖിലാഫ) എന്നറിയപ്പെടുന്ന ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗറിലെയും റാണിഘേത്തിലെയും സൈനിക സ്‌കൂളുകളുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത്. പ്രകോപനപരനായ ആശയപ്രചരണമായിരുന്നു ഇവരുടെ ലക്ഷ്യം.

പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിദ്യാഭ്യാസ, ക്ഷേമ വെബ്സൈറ്റുകളായിരുന്നു ലക്ഷ്യമിട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും, ഓൺലൈന്‍ സേവനങ്ങള്‍ തടസപ്പെടുത്താനുമാണ് ഹാക്കര്‍ സംഘം ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നാണ് ഹാക്കിംഗിന്‍റെ ഉറവിടമെന്ന് ഇന്ത്യന്‍ ആര്‍മി സൈബര്‍ സുരക്ഷാ സംഘം അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. ഇതിനിടെയാണ്, സൈനിക ഭവന ക്ഷേമ സംഘടന(എഡബ്ളിയുഎച്ച്ഒ)യുടെ വെബ്സൈറ്റില്‍ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്ലേസ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ (ഐഎഎഫ്‌പിസി) ഔദ്യോഗിക പോര്‍ട്ടലും നുഴഞ്ഞുകയറ്റ ഭീഷണിയിലായിരുന്നു. എന്നാല്‍ ഇന്ത്യൻ ആര്‍മിയുടെ സുരക്ഷാ വിഭാഗം ഇതിന് തക്ക മറുപടി നല്‍കി

പാക് ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റി ഭീഷണി ഫലപ്രദമായി തടഞ്ഞെന്നും ഇന്ത്യൻ ആര്‍മി സൈബര്‍ സുരക്ഷാ വിഭാഗം അറിയിച്ചു. സൈന്യത്തിന്‍റെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തിയെന്നും സൈനികരുടെയും അവരുടെ കുടുംബത്തിന്‍റെയും വിവരങ്ങള്‍ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

അതേസമയം, കുപ്വാരാ, ബാരാമുള്ള ജില്ലകള്‍ക്ക് എതിര്‍വശമുള്ള പ്രദേശമായ അഖ്‌നൂരില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്‌പ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുപ്വാരാ, പൂഞ്ച് ജില്ലകള്‍ക്ക് എതിര്‍വശം നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെയ്പ്പ് നടത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ 22 ന് 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം നിയന്ത്രണ രേഖയ്ക്ക് സമീപം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.