വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിച്ചിട്ടുണ്ടെന്നും തൻ്റെ ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്നും മന്ത്രി വി എന്‍ വാസവന്‍. ക്ഷണിച്ചില്ലെന്ന സതീശൻ്റെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
പരിപാടിയിൽ ആരൊക്കെ സംസാരിക്കണം സംസാരിക്കേണ്ട എന്ന് കേന്ദ്രത്തിൽ നിന്നാണ് തീരുമാനിക്കുന്നത്. സംസാരിക്കേണ്ടവരുടെ ലിസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിളിക്കണം എന്ന് നിർദേശിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പ്രതിപക്ഷനേതാവിനെ നിർദേശിച്ചത് തങ്ങളാണ്. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര തുറമുഖ മന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി , കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ മന്ത്രി, തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, പ്രതിപക്ഷ നേതാവ്, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേരുകളാണ് ഈ ചടങ്ങിലേക്ക് തങ്ങൾ ആലോചിച്ച് നൽകിയത്. ആരൊക്കെ വേദിയിൽ ഇരിക്കണം എന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.