Kerala

മാലയിലെ പുലിപ്പല്ല്; റാപ്പര്‍ വേടനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി

മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. തൃശ്ശൂരിലെ ജ്വല്ലറിയിലും വേടന്റെ വീട്ടിലുമായിരുന്നു വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നുരാവിലെ തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടര്‍ന്ന് വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തൃശ്ശൂര്‍ വിയ്യൂരിലുള്ള സരസ ജ്വല്ലറിയിലായിരുന്നു വേടനുമായി വനംവകുപ്പ് സംഘം തെളിവെടുപ്പ് നടത്തിയത്.വേടന്റെ കൈവശമുള്ള പുലിപ്പല്ല് രൂപമാറ്റം വരുത്തി ലോക്കറ്റാക്കി മാറ്റിയത് ഇവിടെയാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

എന്നാല്‍ യഥാര്‍ത്ഥ പുലിപ്പല്ലാണെന്നറിയാതെയാണ് ലോക്കറ്റ് കെട്ടിനല്‍കിയതെന്നും ജ്വല്ലറിയുടമ പറഞ്ഞു. തുടര്‍ന്ന് വേടന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ കോടനാട് റേഞ്ച് ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി കണിയാമ്പുഴയിലെ താമസസ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടര്‍ന്ന് വേടനെ ബുധനാഴ്ച പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച്ചയാണ് വേടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.

Latest News