പുറത്തിറങ്ങിയാല്‍ മൂത്രശങ്കയുണ്ടായാലും ടോയ്‌ലറ്റില്‍ പോകാതെ മൂത്രം പിടിച്ചുവയ്ക്കുന്ന ധാരാളമാളുകളെ നമുക്ക് അറിയാം. ഇവരൊക്കെ തിരിച്ചു വീട്ടിലെത്തിയെ മൂത്രം ഒഴിക്കു എന്ന സ്വഭാവക്കാരാണ്. പബ്ലിക്ക് ടോയ്ലറ്റ് ഇത്തരകാർക്ക് അലർജിയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. എന്നാൽ ഇത്തരമാളുകൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധർ.
ഇത്തരത്തില്‍ മൂത്രം കെട്ടിനില്‍ക്കുമ്പോള്‍ മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റലുകളായി രൂപാന്തരം പ്രാപിച്ച് കിഡ്‌നി സ്റ്റോണ്‍ ആയി മാറുന്നു. അതിലൂടെ ആരോഗ്യവും തകരാറിലാകും. മൂത്രം പിടിച്ചുവയ്ക്കുന്നത് മൂത്രാശയ അണുബാധയ്ക്കും പിന്നീട് ഇതിന്റെ അനന്തരഫലമായി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മൂത്രം പിടിച്ചുവയ്ക്കുമ്പോള്‍ മൂത്രസഞ്ചിയില്‍ ബാക്ടീരിയ അടിഞ്ഞുകൂടുകയും ഇത് മൂത്രസഞ്ചിയിലെ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.
മൂത്രത്തില്‍ പഴുപ്പ് , വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവ വരാനും സാധ്യതയുണ്ട്. മാത്രമല്ല മൂത്രാശയത്തില്‍ നീര് ഉണ്ടാവുകയും ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത് മൂത്ര സഞ്ചിയില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാക്കുകയും ഈ സമ്മര്‍ദ്ദം മൂത്രാശയ പേശികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഒരു വ്യക്തി ഏകദേശം 3 മുതല്‍ 4 മണിക്കൂര്‍ വരെ ഇടവിട്ട് ഒരു ദിവസം ആറ് മുതല്‍ എട്ട് തവണയെങ്കിലും മൂത്രമൊഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
മൂത്രത്തിലെ അണുബാധ തടയാന്‍
മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന വേദന, മൂത്രാശയത്തിന് മുകളിലുണ്ടാകുന്ന മൃദുത്വം, ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരിക എന്നിവയൊക്കെ യുടിഐ എന്നുകൂടി അറിയപ്പെടുന്ന മൂത്രത്തിലെ അണുബാധയുടെ ലക്ഷണങ്ങളാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ചെറിയ മൂത്രനാളിയായതിനാല്‍ അവര്‍ക്ക് അണുബാധ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആര്‍ത്തവ വിരാമം കഴിഞ്ഞവരിലും അണുബാധ കൂടുതലായി കാണപ്പെടുന്നുണ്ട്. അണുബാധ ചികിത്സിക്കുന്നതിനേക്കാള്‍ തടയുന്നതാണ് നല്ലത്. ധാരാളം വെള്ളം കുടിക്കുന്നതും, കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കുന്നതും ശുചിത്വം പാലിക്കുന്നതും അണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
content highlight: Urinating issue