Kerala

വിഴിഞ്ഞം UDFന്റെ കുഞ്ഞ്, തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം: രമേശ് ചെന്നിത്തല

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നും അതാണ് കാവ്യനീതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വിഴിഞ്ഞം തുറമുഖം കേന്ദ്രസർക്കാരിന്‍റെ പദ്ധതിയാണ് എന്ന് അംഗീകരിക്കാൻ പിണറായിക്ക് പ്രത്യേകിച്ച് വിമുഖത ഒന്നും ഉണ്ടാകില്ല. കാരണം അവർക്കിടയിലുള്ള ബന്ധം അത്ര വലുതാണ്. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയെ കൂടി പങ്കെടുപ്പിക്കുന്ന ഒരു പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. സിപിഎം മന്ത്രിസഭയുടെ നാലാം വാർഷികത്തിന് പ്രധാനമന്ത്രി വരുന്നതു തന്നെ ബിജെപി സിപിഎം അന്തർധാര തുറന്നുകാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യുഡിഎഫിന്‍റെ കുഞ്ഞാണ്. എൽഡിഎഫ് എത്ര അവകാശപ്പെട്ടാലും അതിന്‍റെ പിതൃത്വം ലഭിക്കില്ല. വിഴിഞ്ഞം പദ്ധതി തുടങ്ങിവച്ചപ്പോൾ 4000 കോടിയുടെ അഴിമതി ആരോപണവുമായി വന്ന ആളാണ് പിണറായി വിജയൻ. ഇതേക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുകയും ഒരു അഴിമതിയും ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു എന്ന് ചെന്നിത്തല പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മുൻകയ്യെടുത്ത് സാധ്യമാക്കിയതാണ്. ഇത് യുഡിഎഫ് മുന്നോട്ടുവച്ച വികസന സ്വപ്നം തന്നെയാണ് .യുഡിഎഫ് അടിത്തറയിട്ട വികസനമാണ്. എത്ര കള്ളക്കഥകൾ കൊണ്ടും സത്യം മൂടാനാവില്ല. ഈ തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടുന്നതാണ് കാവ്യനീതിയെന്നും അദ്ദേഹം വ്യക്തമാക്കി.