രാത്രിയിൽ അല്ലെങ്കിൽ വെളിച്ചം കുറഞ്ഞ ചുറ്റുപാടുകളിൽ കാഴ്ച കുറയുന്ന ഒരു അവസ്ഥയാണ് നൈറ്റ് ബ്ലൈൻഡ്‌നെസ്സ്. ഇതിനെ നിശാന്ധത എന്നും പറയാറുണ്ട്. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതിന്റെ കുറവ് നിശാന്ധതക്ക് കാരണമാകും.
അതുപോലെ റെറ്റിനയിലെ കോശങ്ങളെ ബാധിക്കുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റോസ, കണ്ണിന്റെ ഞരമ്പിനെ ബാധിക്കുന്ന ഗ്ലോക്കോമ, തിമിരം എന്നീ രോഗങ്ങൾ നിശാന്ധതക്ക് കാരണമാകാറുണ്ട്. രാത്രിയിൽ അല്ലെങ്കിൽ മങ്ങിയ വെളിച്ചത്തിൽ വസ്തുക്കളെ തിരിച്ചറിയാൻ ബുദ്ധിമുട്ട് തോന്നുക എന്നതാണ് പ്രധാന ലക്ഷണം. സാധാരണയായി ആളുകൾക്ക് വ്യക്തമായി കാണാൻ സാധിക്കുന്ന വെളിച്ചത്തിൽ പോലും കാഴ്ച മങ്ങുക, രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ കാഴ്ച വ്യക്തമല്ലാത്തത്, കണ്ണിൽ വരൾച്ച അനുഭവപ്പെടുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഈ ലക്ഷണങ്ങൾ നിങ്ങൾക്കോ നിങ്ങളുടെ അടുത്തുള്ള ആർക്കെങ്കിലുമോ ഉണ്ടെങ്കിൽ, ഒരു നേത്രരോഗവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ചികിത്സ കൃത്യസമയത്ത് തുടങ്ങിയാൽ ഒരു പരിധി വരെ കാഴ്ച നഷ്ടപ്പെടുന്നത് തടയാൻ സാധിക്കും.