ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കൂടുതൽ നടപടിക്ക് ഇന്ത്യ. മെയ് 23 വരെ പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്. അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം തുടരുന്ന സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സേന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പാകിസ്താനിൽ രജിസ്റ്റർ ചെയ്ത സൈനിക യാത്രാ വിമാനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിർത്തി അടക്കാനുള്ള തിരുമാനത്തിലേക്ക് ഇന്ത്യ കടന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ മറുപടി നൽകുന്നതിൽ ഇന്ത്യ സമയം പാഴാക്കരുതെന്നും തീരുമാനമെടുക്കുന്നതിൽ പ്രധാനമന്ത്രിക്ക് ആശങ്ക ഉണ്ടാകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിർത്തിയിൽ തുടർച്ചയായി പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിക്കുന്നതിൽ ശക്തമായി തിരിച്ചടി നൽകുമെന്ന് സേന മുന്നറിയിപ്പ് നൽകി. ഇന്ത്യ-പാക് സൈനിക ജനറൽമാർ തമ്മിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്.