ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വർഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകൾ ഉണർത്തുന്ന ഈ ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും ആചരിക്കുന്നത്.
1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു. 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.
മെച്ചപ്പെട്ട വേതനവും എട്ടു മണിക്കൂർ ജോലി സമയവും സുരക്ഷിതമായ തൊഴിലിടങ്ങളും ജീവനക്കാരുടെ അവകാശമാണെന്ന് ഈ പുതിയ കാലത്തും നമുക്ക് ഓർമ്മിക്കേണ്ടതായി വരുന്നു. കൂടുതൽ നീതിപൂർവമായ ലോകം സൃഷ്ടിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ സർവരാജ്യത്തൊഴിലാളികൾ വീണ്ടും ഒരുമിക്കേണ്ടിയിരിക്കുന്നു.